Monday, March 5, 2007

നാണം കെട്ട യാഹൂ

“ലോകവലയ്ക്കുള്ളില്‍ “ നിന്നും നീണ്ട ചോരക്കൈകളാല്‍
എത്തിപ്പിടിയ്ക്കുന്നു യഹൂ നമ്മള്‍ തന്‍ മക്കളെ
പിന്നെ സ്വന്തമാക്കുന്നു നാണമേതുമില്ലാതെ
പേറ്റുനോവറിയാത്ത പെണ്ണിന്റെ മുലയൂട്ടാനുള്ള പൂതിപോലെ
ഹാ കഷ്ടം നാണക്കേടിതു മാളോര്‍ക്കെല്ലാം
ഇതിന്‍ പേരും സ്വാതന്ത്ര്യമെന്നൊ
ചോരനു ഭൂഷണമാക്കിയ മൌനത്തിന്‍ വല
ഞങ്ങള്‍ ഭേദിച്ചീടും, ലോകം സാക്ഷിയാകും
പിന്നെ കാലം മായാത്ത മഷിയാല്‍ വരച്ചിടും
ഈ നാണക്കേടിന്‍ നാറിയ കഥകള്‍

Saturday, February 3, 2007

ഓര്‍മ്മച്ചെപ്പ്

ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന്‍ മഞ്ഞിന്‍ കണമായ്
പുല്‍നാമ്പുകളില്‍ മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന്‍ വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന്‍ തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആ‍തിരപ്പാട്ട്
ഇന്നിന്റെ സുഗന്ധം ഇന്നലെയ്ക്കു വഴിമാറി
രഥമുരുളും വഴികളില്‍ ഇന്നലെയുടെ കാവല്‍ക്കാര്‍
സര്‍പ്പപ്പാട്ടിന്‍ ഈരടികളില്‍ ശോകത
സംഭ്രമനിറങ്ങളിലിഴഞ്ഞെത്തും കരിനാഗം
എണ്ണവരണ്ട് കരിന്തിരി കത്തിയ
നിലവിളക്കില്‍ ചിറകു കരിഞ്ഞ ശലഭം
ദൂരക്കണ്ണുമായ് ഉമ്മറത്തിണ്ണയില്‍
ആരെയൊ കാത്തിരുന്ന ബാല്യവിരഹം
ശാപവചനങ്ങളിരുള്‍ മൂടിയ അഗ്രഹാരം
ഓര്‍മ്മകളില്‍ വിശപ്പിന്റെ വിറയല്‍
കണ്ഠത്തില്‍ ദാഹത്തിന്റെ വരള്‍ച്ച
മനസ്സില്‍ നിര്‍വ്വികാരതയുടെ മരവിപ്പ്
പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.